Author

MALABAR BUSINESS

Browsing

ഫ്രീഡം സെയില്‍’ ക്യാമ്പെയ്ന്‍ ആരംഭിച്ച് ടാറ്റ ഗ്രൂപ്പിന്റെ എയര്‍ ഇന്ത്യ എക്സ്പ്രസ്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 1,947 രൂപ മുതല്‍ ടിക്കറ്റുകള്‍ വില്‍ക്കുകയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്. എയര്‍ലൈനിന്റെ വെബ്സൈറ്റായ airindiaexpress.com വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ മാത്രമായിരിക്കും കുറഞ്ഞ നിരക്കില്‍ ലഭിക്കുക.

ആഭ്യന്തര, അന്തര്‍ദേശീയ യാത്രകള്‍ക്ക് ബുക്ക് ചെയ്യുന്നവര്‍ക്ക് 1,947 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭിക്കും. ഓഗസ്റ്റ് 1 മുതല്‍ 5 വരെ വരെ ബുക്ക് ചെയ്യാനുള്ള അവസരം ലഭിക്കും. സെപ്റ്റംബര്‍ 30 വരെയുള്ള യാത്രകള്‍ക്കായുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഇതുകൂടാതെ, എയര്‍ഇന്ത്യ എക്‌സ്പ്രസ്. കോം വഴി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് പ്രത്യേക കിഴിവുകളോടെ സീറോ ചെക്ക്-ഇന്‍ ബാഗേജ് എക്‌സ്പ്രസ് ലൈറ്റ് നിരക്കുകള്‍ തുടങ്ങി പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും.

ആഭ്യന്തര വിമാനങ്ങളില്‍ 15 കിലോയ്ക്ക് 1000 രൂപയും അന്താരാഷ്ട്ര വിമാനങ്ങളില്‍ 20 കിലോയ്ക്ക് 1300 രൂപയും ആരംഭിക്കുന്ന ചെക്ക്-ഇന്‍ ബാഗേജിന്, 3 കിലോ അധിക ക്യാബിന്‍ ബാഗേജ് മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള ഓപ്ഷനും നിരക്കില്‍ ഉള്‍പ്പെടുന്നു. ദില്ലി-ജയ്പൂര്‍, ബെംഗളൂരു-ഗോവ, ദില്ലി-ഗ്വാളിയോര്‍ എന്നിവയുള്‍പ്പെടെയുള്ള റൂട്ടുകളിലും 15 അന്താരാഷ്ട്ര, 32 ആഭ്യന്തര റൂട്ടുകളിലും ഓഫര്‍ ലഭ്യമാകും.

വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന് വില വര്‍ധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 6.50 രൂപയാണ് കൂട്ടിയത്. വ്യാഴാഴ്ച മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു.

ജൂലൈ ആദ്യ ദിവസം എണ്ണക്കമ്പനികള്‍ വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 30 രൂപ കുറച്ചിരുന്നു. അതായത് ജൂലൈ 31 വരെ 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ ഗ്യാസ് സിലിണ്ടര്‍ 1646 രൂപയായിരുന്നു.

ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന സബ്സിഡിയില്ലാത്ത ഈ വാണിജ്യ സിലിണ്ടറുകള്‍ക്ക് ഡല്‍ഹിയില്‍ 1,952.50 രൂപയും ചെന്നൈയില്‍ 1,817 രൂപയുമാണ് വില. പ്രാദേശിക നികുതികള്‍ കൂടി ചേര്‍ത്താല്‍ വിലയില്‍ നേരിയ മാറ്റം ഉണ്ടാകും.

പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റം വരുത്തിയിട്ടില്ല. വാണിജ്യ സിലിണ്ടറിന്റെ വില ഈ മാസം വര്‍ധിപ്പിച്ചുവെങ്കിലും ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല.

രാജ്യത്തെ ഏറ്റവും വലിയ റീട്ടെയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനിയുടെ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തിലെ ആകെ റിട്ടണ്‍ പ്രീമിയം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 2949 കോടി രൂപയില്‍ നിന്ന് 18 ശതമാനം വര്‍ധനവോടെ 3476 കോടി രൂപയിലെത്തി.

കമ്പനിയുടെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 11 ശതമാനം വര്‍ധനവോടെ 319 കോടി രൂപയിലും എത്തിയിട്ടുണ്ട്. മികച്ച അണ്ടര്‍ റൈറ്റിങ്, വിപുലമായ ഏജന്റ് ശൃംഖല, ശക്തമായ ബാങ്കഷ്വറന്‍സ് സഹകരണങ്ങള്‍, പുതുമയുള്ള ഡിജിറ്റല്‍ ചാനലുകള്‍, ഹോം ഹെല്‍ത്ത് കെയര്‍ അണ്ടര്‍സ്‌കോര്‍ പോലുള്ള പുതിയ നീക്കങ്ങള്‍ തുടങ്ങിയവ വഴി ഇന്ത്യയിലുടനീളം മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഇവിടെ ദൃശ്യമാകുന്നതെന്ന് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ ആനന്ദ് റോയ് പറഞ്ഞു.

ഉപഭോക്തൃ കേന്ദ്രീകൃതമായതും പുതുമയുള്ളതുമായ തങ്ങളുടെ നീക്കങ്ങള്‍ സമഗ്രവും സവിശേഷമായതുമായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സഹായകമായിട്ടുണ്ട്. ചെറുകിട-ഇടത്തരം പട്ടണങ്ങളിലേക്ക് ഈ നീക്കങ്ങളുടെ നേട്ടങ്ങള്‍ എത്തിക്കാനുള്ള തങ്ങളുടെ ശ്രമം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യ ഇന്‍ഷുറന്‍സ് മേഖല പ്രത്യേകമായുള്ള വിഭാഗത്തില്‍ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് 42 ശതമാനം വിപണി വിഹിതമാണുള്ളത്. ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ മൊത്തത്തിലുള്ള കാര്യത്തില്‍ 4.8 ശതമാനം വിപണി വിഹിതവുമുണ്ട്.

 

ഹോണ്ടയുടെ ഇവി സീരീസായ ഹോണ്ട 0 സീരീസിന്റെ കണ്‍സെപ്റ്റ് മോഡലായ സലൂണ്‍ ഡിസൈന്‍ കണ്‍സെപ്റ്റ് മത്സരത്തില്‍ ‘റെഡ് ഡോട്ട്: ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് 2024’ അവാര്‍ഡ് നേടി. ലോകത്തിലെ പ്രമുഖ ഡിസൈന്‍ അവാര്‍ഡുകളിലൊന്നാണ് റെഡ് ഡോട്ട് ഡിസൈന്‍ അവാര്‍ഡ് 1. ഹോണ്ട 0 സീരീസിന്റെ മറ്റൊരു കണ്‍സെപ്റ്റ് മോഡലായ സ്പേസ്-ഹബും ഇതേ മത്സരത്തില്‍ റെഡ് ഡോട്ട് ജേതാവായി തിരഞ്ഞെടുക്കപ്പെട്ടു.

ഹോണ്ടയുടെ പുതിയ ഗ്ലോബല്‍ ബ്രാന്‍ഡ് മുദ്രാവാക്യം, ദി പവര്‍ ഓഫ് ഡ്രീംസ്, വൈദ്യുതീകരണത്തോടുള്ള സമീപനം എന്നിവയ്ക്ക് കീഴിലുള്ള ഹോണ്ടയുടെ പ്രധാന പരിവര്‍ത്തനത്തെ ഹോണ്ട 0 സീരീസ് സലൂണ്‍ പ്രതിനിധീകരിക്കുന്നു. വണ്‍-മോഷന്‍ രൂപവും സലൂണിന്റെ ബാഹ്യ ശൈലിയും വാഹനത്തിന്റെ ചടുലതയും ചലനാത്മകതയും പ്രകടിപ്പിക്കുന്നു. സൈഡ് ഗ്ലാസിന്റെ രൂപകല്‍പന ഒരു വിസ്തൃതമായ സൈഡ് പാനല്‍ സൃഷ്ടിക്കുന്നു, അതേസമയം ടയറുകള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനായി ആകൃതി സൈഡ് സില്‍സിലേക്ക് ചുരുങ്ങുന്നു.

ഇന്റീരിയറില്‍ ലളിതവും അവബോധജന്യവുമായ ഹ്യൂമന്‍-മെഷീന്‍ ഇന്റര്‍ഫേസ് (HMI) അവതരിപ്പിക്കുന്നു, അത് അത്യാധുനികവും തടസ്സമില്ലാത്തതുമായ ഉപയോക്തൃ ഇന്റര്‍ഫേസ് (UI) നല്‍കുന്നു. വാഹനത്തിന്റെ ഉയരം കുറവുള്ള സ്പോര്‍ട്ടി സ്റ്റൈലിംഗ്, ഒറ്റനോട്ടത്തില്‍ തന്നെ മറ്റ് വാഹനങ്ങളില്‍ നിന്ന് സലൂണിനെ വേറിട്ട് നിര്‍ത്തുന്നു, വശീകരണ രൂപകല്പന മാത്രമല്ല, ബാഹ്യരൂപത്തില്‍ നിന്ന് ആളുകള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലും കൂടുതല്‍ വിശാലമായ ഒരു ഇന്റീരിയര്‍ സ്‌പേസ് നല്‍കുന്നു.

ഹോണ്ട 0 സീരീസ് സ്പേസ്-ഹബ് എന്നത് ഹോണ്ടയുടെ ”എം/എം കണ്‍സെപ്റ്റ്*2”, പ്രതിനിധീകരിക്കുന്ന ഒരു കണ്‍സെപ്റ്റ് മോഡലാണ്. നേര്‍ത്തതും ഭാരം കുറഞ്ഞതും വിശാലവുമായ ക്യാബിനും മികച്ച ദൃശ്യപരതയും തിരിച്ചറിഞ്ഞുകൊണ്ട്, സ്പേസ്-ഹബ് ഒരു ഫ്‌ലെക്‌സിബിള്‍ ഇടം പ്രദാനം ചെയ്യുന്നു. അത് ഉപയോക്താക്കള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്തും ഉടനടി ഉള്‍ക്കൊള്ളുകയും ആളുകളെയും ബന്ധിപ്പിക്കുന്ന ഒരു കേന്ദ്രമായി മാറുകയും ചെയ്യുന്നു.

‘ദി ആര്‍ട്ട് ഓഫ് റെസൊണന്‍സ്’ എന്ന ഹോണ്ട 0 സീരീസ് ഡിസൈന്‍ ആശയത്തെ അടിസ്ഥാനമാക്കി, ഒറ്റനോട്ടത്തില്‍ തന്നെ ആളുകളില്‍ പുതിയ കാഴ്ചപ്പാടുകള്‍ ഉണര്‍ത്തുന്ന എക്സ്റ്റീരിയര്‍ ഡിസൈന്‍ ഫീച്ചര്‍ ചെയ്യുന്നു. സലൂണിന്റെ കാര്യത്തിലെന്നപോലെ, സ്പേസ്-ഹബ്ബിന്റെ ഇന്റീരിയര്‍ ലളിതവും അവബോധജന്യവുമായ ഹ്യൂമന്‍-മെഷീന്‍ ഇന്റര്‍ഫേസ് (എച്ച്എംഐ) അവതരിപ്പിക്കുന്നു, അതേ സമയം, ഇവി യുഗത്തിന് അനുയോജ്യമായ എം/എം ആശയം വളരെയധികം സാക്ഷാത്കരിക്കാന്‍ ശ്രമിച്ചു

റിയൽമി 13 പ്രോ 5ജി സീരീസ് സ്‌മാർട്ട്‌ഫോണുകൾക്കും റിയൽമി വാച്ച് എസ് 2വിനും ഒപ്പം റിയൽമി ബഡ്‌സ് ടി 310 ചൊവ്വാഴ്ച ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ ട്രൂ വയർലെസ് സ്റ്റീരിയോ (TWS) ഇയർഫോണുകളിൽ 12.4mm ഡൈനാമിക് ബാസ് ഡ്രൈവറുകളും എഐ സപ്പോർട്ട് ഉള്ള എൻവയോൺമെന്റൽ നോയിസ് ക്യാൻസലേഷൻ (ENC) പിന്തുണയുള്ള മൈക്കുകളും സജ്ജീകരിച്ചിരിക്കുന്നു. ഇയർഫോണുകൾ 46dB വരെ ഹൈബ്രിഡ് നോയിസ് ക്യാൻസലേഷനും 360 ഡിഗ്രി സ്പേഷ്യൽ ഓഡിയോ ഇഫക്റ്റും വാഗ്ദാനം ചെയ്യുന്നു. ഇയർഫോണുകളും ചാർജിംഗ് കേസും ചേർന്ന് 40 മണിക്കൂർ വരെ മൊത്തം പ്ലേബാക്ക് സമയം വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു.

റിയൽമി ബഡ്‌സ് ടി 310ന്റെ ഇന്ത്യയിലെ വിലയും ലഭ്യതയും നോക്കാം. റിയൽമി ബഡ്‌സ് ടി 310 ഇന്ത്യയിൽ വിൽക്കുന്നത് 2,499 രൂപക്ക് ആണ്. ഫ്ലിപ്കാർട്ട്, റിയൽമി ഇന്ത്യ വെബ്‌സൈറ്റ്, തിരഞ്ഞെടുത്ത ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഓഗസ്റ്റ് 5ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണി മുതൽ ഇവ വാങ്ങാൻ ലഭ്യമാകും.

അത് പോലെ റിയൽമി ബഡ്‌സ് ടി 310 വാങ്ങുന്ന ഉപഭോക്താക്കൾക്ക് 300 രൂപ തൽക്ഷണ കിഴിവ് (Instant Discount) ലഭിക്കും. എജൈൽ വൈറ്റ്, മോണറ്റ് പർപ്പിൾ, വൈബ്രൻ്റ് ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ബഡ്‌സ് ടി 310 ഇയർഫോണുകൾ വാഗ്ദാനം ചെയ്യുന്നത്.

റിയൽമി ബഡ്‌സ് ടി310 സ്പെസിഫിക്കേഷനുകൾ: റിയൽമി ബഡ്‌സ് ടി 310ൽ 12.4mm ഡൈനാമിക് ബാസ് ഡ്രൈവറുകൾ ഉൾക്കൊള്ളുന്നു. കൂടാതെ 46dB വരെ ഹൈബ്രിഡ് നോയിസ് ക്യാൻസലേഷൻ വാഗ്ദാനം ചെയ്യുന്നു. ഓരോ ഇയർബഡിലും എഐ പിന്തുണയുള്ള മൂന്ന് ENC സപ്പോർട്ട് മൈക്കുകൾ സജ്ജീകരിച്ചിരിക്കുന്നു. അത് ചുറ്റുപാടുമുള്ള നോയിസ് ഇല്ലാതാക്കി വ്യക്തമായ കോളുകൾ അനുഭവിക്കാൻ ഉപയോക്താക്കളെ സഹായിക്കുമെന്ന് പറയപ്പെടുന്നു. അവർ സ്മാർട്ട് ടച്ച് നിയന്ത്രണങ്ങളും 45എംഎസ് അൾട്രാ ലോ ലേറ്റൻസി മോഡും പിന്തുണയ്ക്കുന്നു.

ഈ ടിഡബ്ള്യുഎസ്‌ (TWS) ഇയർഫോണുകൾ 360 ഡിഗ്രി സ്പേഷ്യൽ ഓഡിയോയും ഡൈനാമിക് സൗണ്ട് ഇഫക്റ്റുകളും പിന്തുണയ്ക്കുന്നു. റിയൽമി ബഡ്‌സ് ടി 310 റിയൽമി ലിങ്ക് ആപ്ലിക്കേഷനുമായി കണക്ട് ചെയ്യാനാകും. ഇയർഫോണുകൾ ഡ്യൂവൽ ഡിവൈസ് കണക്ഷനെ പിന്തുണയ്ക്കുന്നു. അതായത് ഒരേ സമയം രണ്ട് ഉപകരണങ്ങളുമായി ജോടിയാക്കാനാകും.

റിയൽമി ബഡ്‌സ് ടി310ൽ, നോയ്‌സ് ക്യാൻസലേഷൻ ഓഫ് ചെയ്‌താൽ ഒറ്റ ചാർജിൽ 40 മണിക്കൂർ വരെ മൊത്തം പ്ലേബാക്ക് സമയം വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. നോയ്‌സ് ക്യാൻസലേഷൻ ഫീച്ചർ ഓണാക്കിയാൽ, ഇയർഫോണുകൾ മൊത്തം 26 മണിക്കൂർ വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുമെന്ന് പറയപ്പെടുന്നു. ഇയർഫോണുകൾ ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.

കൂടാതെ 10 മിനിറ്റ് ചാർജിനൊപ്പം 5 മണിക്കൂർ മ്യൂസിക് പ്ലേബാക്ക് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. അതോടൊപ്പം റിയൽമി ബഡ്‌സ് ടി310 ഇയർബഡുകൾ പൊടി, സ്പ്ലാഷ് പ്രതിരോധം എന്നിവയ്ക്കായി IP55 റേറ്റിംഗുമായി വരുന്നു. SBC, AAC ഓഡിയോ കോഡെക്കുകൾക്ക് ഒപ്പം ബ്ലൂടൂത്ത് 5.4 കണക്റ്റിവിറ്റിയെയും സപ്പോർട്ട് ചെയ്യുന്നു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ച് പ്രാദേശിക, ദേശീയ അവധികള്‍ അടക്കം ഓഗസ്റ്റ് മാസത്തില്‍ രാജ്യത്ത് മൊത്തം 13 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും.

കേരളത്തില്‍ ഞായറാഴ്ചകള്‍, രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും, സ്വാതന്ത്ര്യദിനം, ശ്രീനാരായണ ഗുരു ജയന്തി അടക്കം എട്ടുദിവസം മാത്രമാണ് ബാങ്കിന് അവധിയുള്ളൂ. അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്.

ഓഗസ്റ്റ് മൂന്നിന് കേര്‍ പൂജയായിതിനാല്‍ ത്രിപുരയില്‍ അവധി. ഓഗസ്റ്റ് നാല് ഞായറാഴ്ച.ഓഗസ്റ്റ് എട്ട് ടെന്‍ഡോങ് ലോറം ഫാത്ത്- സിക്കിമില്‍ അവധി. ഓഗസ്റ്റ് 10 രണ്ടാമത്തെ ശനിയാഴ്ച. ഓഗസ്റ്റ് 11 ഞായറാഴ്ച. ഓഗസ്റ്റ് 13 പാട്രിയോട്ട്സ് ഡേ- മണിപ്പൂരില്‍ അവധി. ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം ഇന്ത്യ മുഴുവന്‍ അവധി. ഓഗസ്റ്റ് 18- ഞായറാഴ്ച.

ഓഗസ്റ്റ് 19 രക്ഷാബന്ധന്‍ ദിനമായതിനാല്‍ ത്രിപുര, ഗുജറാത്ത്, ഒഡിഷ, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ അവധി. ഓഗസ്റ്റ് 20 ശ്രീനാരായണ ഗുരു ജയന്തിയായതിനാല്‍ കേരളത്തില്‍ അവധി. ഓഗസ്റ്റ് 24 നാലാമത്തെ ശനിയാഴ്ച. ഓഗസ്റ്റ് 25 ഞായറാഴ്ച.

ഓഗസ്റ്റ് 26 ശ്രീകൃഷ്ണ ജയന്തിയായതിനാല്‍ ഗുജറാത്ത്, ഒഡീഷ, ചണ്ഡീഗണ്ഡ്, തമിഴ്നാട്, ഉത്തരാഖണ്ഡ്, സിക്കിം, ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാന്‍, ജമ്മു , ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, മേഘാലയ, ഹിമാചല്‍ പ്രദേശ്, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ ബാങ്ക് അവധി.

നിക്ഷേപ സമാഹരണത്തിന് തയാറെടുത്ത് അദാനി ഗ്രൂപ്പ്. 8,400 കോടി രൂപ വരെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അദാനി എന്റര്‍പ്രൈസസിന്റെ 20,000 കോടി രൂപയുടെ ഫോളോ-ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്പിഒ) റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ നിക്ഷേപ സമാഹരണമാണിത്.

പൊതു ധനകാര്യ സ്ഥാപനങ്ങള്‍, ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍, വിദേശ സ്ഥാപന നിക്ഷേപകര്‍ എന്നിവര്‍ക്ക് ഓഹരി വിറ്റ് നിക്ഷേപ സമാഹരണം നടത്തുന്ന ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്മെന്റ് (ക്യുഐപി) വഴി സമാഹരണം നടത്താനാണ് കമ്പനി ആലോചിക്കുന്നത്.

ഐസിഐസിഐ സെക്യൂരിറ്റീസ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ്, ജെഫറീസ് എന്നിവരെ അദാനി എനര്‍ജി ഉപദേശകരായി നിയമിച്ചിട്ടുണ്ട്. 35 ശതമാനത്തിലധികം വിപണി വിഹിതമുള്ള ഇന്ത്യയിലെ മുന്‍നിര സ്വകാര്യ മേഖല പവര്‍ ട്രാന്‍സ്മിഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കമ്പനികളിലൊന്നാണ് അദാനി എനര്‍ജി.

ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താനായി നിര്‍മിതിയുടെ ബുദ്ധിയുടെ സഹായത്തോടെ നിരവധി പുതിയ ഫീച്ചറുകളുമായി ഗൂഗിള്‍ മാപ്പ്‌സ്. മൊബിലിറ്റി ആവശ്യങ്ങക്കായി ഇടുങ്ങിയ റോഡുകള്‍, ഫ്ളൈഓവറുകള്‍, ഇ.വി ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങിയ വിശദാംശങ്ങള്‍ കൂടുതലായി ഗൂഗിള്‍ മാപ്പ്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇടുങ്ങിയതോ തിരക്കേറിയതോ ആയ റോഡുകളെക്കുറിച്ച് ഡ്രൈവര്‍മാര്‍ക്കു മുന്‍കൂട്ടി വിവരം ലഭിക്കും. സാറ്റലൈറ്റ് ഇമേജറി, സ്ട്രീറ്റ് വ്യൂ, റോഡുകളുടെ തരങ്ങള്‍, കെട്ടിടങ്ങള്‍ തമ്മിലുള്ള ദൂരം, എന്നിവ ഉപയോഗിച്ചാണ് എ.ഐ വീതി കണക്കാക്കുന്നത്.ഗൂഗ്ള്‍ മാപ്‌സിലെ ഏറ്റവും പുതിയ സവിശേഷതകളില്‍ ഒന്നാണ് ഫ്ളൈഓവര്‍ അലര്‍ട്ട്.

ആദ്യഘട്ടത്തില്‍ ഇന്ത്യയിലെ 40 നഗരങ്ങളിലെ ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലും ആന്‍ഡ്രോയിഡ് ഓട്ടോയിലും ഫോര്‍ വീലര്‍, ടൂ വീലര്‍ നാവിഗേഷനായി ഗൂഗിളിന്റെ ഫ്ളൈഓവര്‍ അലര്‍ട്ട് ലഭ്യമാകും. ഇത് ഉടന്‍തന്നെ ഐ.ഒ.എസ് ഉപകരണങ്ങളിലും കാര്‍പ്ലേയിലും ലഭ്യമാകും.

ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, കോയമ്പത്തൂര്‍, ഇന്ദോര്‍, ഭോപ്പാല്‍, ഭുവനേശ്വര്‍, ഗുവാഹത്തി എന്നീ എട്ട് നഗരങ്ങളിലാണ് നാരോ റോഡ് അലര്‍ട്ട് ഫീച്ചര്‍ ആദ്യം നിലവില്‍ വരുന്നത്. ഈ ഫീച്ചറും തുടക്കത്തില്‍ ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ മാത്രമേ ലഭ്യമാകൂ. കൂടാതെ, ഓപ്പണ്‍ ഇ-കൊമേഴ്‌സ് വികസിപ്പിക്കുന്നതിനായുള്ള സൗകര്യം (ഒ.എന്‍.ഡി.സി), നമ്മയാത്രി എന്നിവയുമായുള്ള പങ്കാളിത്തത്തിലൂടെ ഉപയോക്താക്കള്‍ക്ക് വിവിധ ബുക്കിങ്ങുകള്‍ നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഗൂഗിള്‍ മാപ്സിലും ഗൂഗിള്‍ സെര്‍ച്ചിലും ഇ.വി ചാര്‍ജിങ് സ്റ്റേഷനുകള്‍ അവതരിപ്പിച്ചിരിക്കുകയാണ്. 8,000ത്തിലധികം ചാര്‍ജിങ് സ്റ്റേഷനുകള്‍ ആപ്പില്‍ ചേര്‍ത്തിട്ടുണ്ട്. ചാര്‍ജിംഗ് പോയിന്റുകളുടെ ലഭ്യതക്ക് പുറമെ ഏത് തരം പ്ലഗുകളാണ് സ്റ്റേഷനില്‍ ലഭ്യമാക്കിയിരിക്കുന്നതെന്ന വിശദ വിവരങ്ങളും ലഭ്യമാകും.

ഒടിടിയിലും (ഓവര്‍-ദി-ടോപ്പ്), ടെലിവിഷനിലും മറ്റുമായി സാമ്പത്തിക പ്രതിസന്ധികളെയും സ്റ്റോക്ക് മാര്‍ക്കറ്റുകളെയും കുറിച്ചുള്ള ഒട്ടേറെ പരിപാടികളുണ്ട്. ഇപ്പോഴിതാ പുതിയ അഞ്ച് എപ്പിസോഡ് വെബ് സീരീസ് ഒരുക്കാന്‍ പദ്ധതിയിടുകയാണ് റിസര്‍വ് ബാങ്കും (ആര്‍ബിഐ).

റിസര്‍വ് ബാങ്കിന്റെ 90 വര്‍ഷത്തെ യാത്രയെ കുറിച്ചാണിതെന്ന് സൂചനയുണ്ട്. ഈ വെബ് സീരീസ് 1935ല്‍ സ്ഥാപിതമായ റിസര്‍വ് ബാങ്കിന്റെ ചരിത്രത്തിലേക്കും ശ്രദ്ധേയമായ സംഭവങ്ങളിലേക്കും ആഴ്ന്നിറങ്ങും. ഓരോ എപ്പിസോഡും 25 മുതല്‍ 30 മിനിറ്റ് വരെ നീണ്ടുനില്‍ക്കും. ദേശീയ ടെലിവിഷനിലും ഒടിടി പ്ലാറ്റ്ഫോമുകളിലും ലഭ്യമാക്കും.

സീരീസിന്റെ പ്രൊഡക്ഷന്‍, പോസ്റ്റ്-പ്രൊഡക്ഷന്‍, ഡിസ്ട്രിബ്യൂഷന്‍ എന്നിവ നിയന്ത്രിക്കുന്നതിന് പ്രൊഡക്ഷന്‍ ഹൗസുകള്‍, ടിവി ചാനലുകള്‍, ഒടിടി പ്ലാറ്റ്ഫോമുകള്‍ എന്നിവയില്‍ നിന്ന് വ്യക്തിഗതമായോ സഹകരിച്ചോ നിര്‍ദ്ദേശങ്ങള്‍ ആവശ്യപ്പെട്ട് ആര്‍ബിഐ അടുത്തിടെ ഒരു ടെന്‍ഡര്‍ നല്‍കിയിരുന്നു.

ഇംഗ്ലണ്ടും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും അവരുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ഡോക്യുമെന്ററികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇത് സുതാര്യത വര്‍ധിപ്പിക്കുന്നതിനും വിശ്വാസം വളര്‍ത്തുന്നതിനും സങ്കീര്‍ണ്ണമായ സാമ്പത്തിക ആശയങ്ങള്‍ ആകര്‍ഷകമായ കഥപറച്ചിലിലൂടെ അവതരിപ്പിക്കുന്നതിനും സഹായിക്കും.

സര്‍ക്കാരുമായുള്ള ആനുകാലിക തര്‍ക്കങ്ങള്‍, സെക്യൂരിറ്റീസ് കുംഭകോണം, ബാലന്‍സ് ഓഫ് പേയ്മെന്റ് പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാരുമായി സഹകരിച്ചുള്ള ശ്രമങ്ങള്‍ തുടങ്ങിയ സുപ്രധാന സംഭവങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.

രാജ്യത്തെ യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) ഇടപാടുകളില്‍ വര്‍ധന. ഇടപാടുകളില്‍ 57 ശതമാനം വളര്‍ച്ചയാണുണ്ടായത്. യുപിഐ ഇടപാടുകളുടെ എണ്ണം 2019-20ല്‍ 12.5 ബില്യണില്‍ നിന്ന് 2023-24ല്‍ 131 ബില്യണായി ഉയര്‍ന്നതായി ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് (BCG) ബാങ്കിംഗ് സെക്ടര്‍ റൗണ്ടപ്പ് റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ട് പ്രകാരം ഫോണ്‍ പേ, ഗൂഗിള്‍ പേ എന്നിവയാണ് യുപിഐ ഇടപാടുകളില്‍ മുന്നില്‍ 86 ശതമാനമാണ് ഇരു കമ്പനികളുടേയും ആകെ വിപണി വിഹിതം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ ഇരട്ടിയായി. അതേസമയം ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ വര്‍ഷം തോറും 43 ശതമാനം കുറഞ്ഞു വരികയാണ്.

ബാങ്കുകളുടെ വായ്പാ വളര്‍ച്ചയില്‍ 15 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍ നിക്ഷേപ വളര്‍ച്ച 13 ശതമാനമായി. ബാങ്കിംഗ് മേഖലയുടെ മൊത്തം അറ്റാദായം 3 ലക്ഷം കോടി കവിഞ്ഞു. ഉയര്‍ന്ന വായ്പാ വളര്‍ച്ച, ഫീസ് വരുമാനത്തിലെ വളര്‍ച്ച, കുറഞ്ഞ വായ്പച്ചെലവ് എന്നിവയാണ് ബാങ്കിംഗ് മേഖലയ്ക്ക് തിളക്കമേകിയത്.