എറണാകുളം-ഷൊർണൂർ റൂട്ടിൽ മൂന്നാം പാതയ്ക്കുള്ള സർവേ അവസാനത്തിലേക്ക് അടുക്കുമ്പോൾ കേരളത്തിൽ മറ്റൊരു പാതയുടെ സാധ്യത കൂടി റെയിൽവേ പരിഗണിക്കുന്നതായി റിപ്പോർട്ട്. മലബാറിലേക്കുള്ള ട്രെയിൻ യാത്രാ ദൂരം കുറയ്ക്കാൻ സഹായിക്കുന്ന തൃശൂർ- ഗുരുവായൂർ-തിരുനാവായ ഇരട്ടപ്പാതയുടെ സാധ്യതയാണ് റെയിൽവേ പരിശോധിക്കുന്നത്.
നിലവിൽ തൃശൂരിൽ നിന്നുള്ള രണ്ടാമത്തെ പാത ഗുരുവായൂരിൽ അവസാനിക്കും. 1994ൽ ഉദ്ഘാടനം ചെയ്ത ഈ പാത തിരുനാവായ വരെ നീട്ടുന്നതിന് 1995ൽ അന്നത്തെ റെയിൽവേ വകുപ്പ് മന്ത്രി സുരേഷ് കൽമാഡി തറക്കല്ലിട്ടെങ്കിലും പദ്ധതി ഇതുവരെ സാധ്യമായില്ല. പിന്നീട് പദ്ധതിക്ക് ജീവൻ വയ്ക്കുകയും ഗുരുവായൂർ-തിരുനാവായ പാതയുടെ അന്തിമ ലൊക്കേഷൻ സർവേ ദക്ഷിണ റെയിൽവേ തുടങ്ങുകയും ചെയ്തു. ഇതിനൊപ്പമാണ് തൃശൂർ-തിരുനാവായ ഇരട്ടപ്പാതയുടെ സാധ്യതയും റെയിൽവേ പരിശോധിക്കുന്നത്. അതേസമയം, തൃശൂർ- തിരുനാവായ ഇരപ്പാത യാഥാർത്ഥ്യമാക്കാൻ ഇപ്പോഴുള്ള തൃശൂർ-ഗുരുവായൂർ ഒറ്റവരിപ്പാത ഇരട്ടിപ്പിക്കുകയും ഗുരുവായൂരിൽ നിന്നും തിരുനാവായയിലേക്കുള്ളത് ഇരട്ടപ്പാതയാക്കി നിർമിക്കുകയും വേണം. നേരത്തെ ഗുരുവായൂരിൽ നിന്നും പൊന്നാനി വഴി തിരൂരിലേക്കുള്ള പാതയുടെ കാര്യവും ചർച്ചയിലുണ്ടായിരുന്നെങ്കിലും ഒടുവിൽ തിരുനാവായയിൽ ഉറപ്പിക്കുകയായിരുന്നു.
Comments are closed.