ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ പോകാനാകുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് വൈകാതെ ഇന്തോനേഷ്യയും എത്തുന്നു. ഇന്ത്യ ഉള്‍പ്പടെ ഇരുപത് രാജ്യങ്ങളിലെ പൗരന്മാര്ക്ക്് വീസ ഫ്രീ എന്‍ട്രി നല്കാന് ഇന്തോനേഷ്യ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ പാസ്പോര്‍ട്ടും ചെലവിനുള്ള പണവും മാത്രമായി ഇന്ത്യക്കാര്‍ക്ക് ഇന്തോനേഷ്യയിലേക്ക് വിനോദസഞ്ചാരത്തിന് എത്താനാകും.
ഓസ്ട്രേലിയ, ചൈന, ദക്ഷിണ കൊറിയ, അമേരിക്ക, ബ്രിട്ടന്, ഫ്രാന്‍സ്, ജര്‍മ്മനി, ഖത്തര്‍, യു.എ.ഇ, സൗദി അറേബ്യ, നെതര്‍ലാന്റ്സ്, ജപ്പാന്, റഷ്യ,തായ്വാന്, ന്യൂസിലാന്റ്, ഇറ്റലി, സ്പെയിന് എന്നീ രാജ്യങ്ങളും ലിസ്റ്റിലുണ്ട്. വിനോദസഞ്ചാര മേഖലയുടെ മെച്ചപ്പെട്ട വളര്‍ച്ചയ്ക്കായാണ് ഈ നീക്കം. ഈ വര്‍ഷം ഒക്ടോബറിനു മുമ്പ് പുതിയ നിയമം നിലവില്‍ വരുമെന്നാണ് സൂചന.
നാലു തരം വിസകളാണ് നിലവില്‍ ഉള്ളത്. ടൈപ്പ് ബി-1 വിസയില്‍ മുപ്പത് ദിവസമാണ് കാലാവധി. ടൂറിസം,കുടുംബ സംഗമങ്ങള്‍, കണ്‍വെന്‍ഷനുകള്‍, എക്സിബിഷനുകള്‍ എന്നിവക്കാണ് ഇത് അനുവദിക്കുന്നത്. 2600 രൂപയാണ് ഫീസ്. ആവശ്യമെങ്കില്‍ ഒരു മാസം കൂടി വിസ കാലാവധി നീട്ടി കിട്ടും.ടൈപ്പ് ഡി-1 വിസയില്‍ മൂന്നു വ്യത്യസ്ത കാലാവധികളാണ് അനുവദിക്കുക.
ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രിയുണ്ട്. ഓരോ തവണ രാജ്യത്തേക്ക് വരുമ്പോഴും കുറഞ്ഞത് 60 ദിവസം തങ്ങണം. പതിനാറായിരം രൂപയോളമാണ് ഫീസ്.ഇതേ രീതിയില്‍ രണ്ടു വര്‍ഷത്തേക്കുള്ള പ്രത്യേക വിസയുമുണ്ട്. മുപ്പതിനായിരം രൂപയോളം ഫീസ്. അഞ്ചു വര്‍ഷത്തേക്കുള്ള വിസയിലും ഓരോ സന്ദര്‍ശനത്തിലും 60 ദിവസം രാജ്യത്ത് തങ്ങണം. ഫീസ് 77000 രൂപ. നിലവില്‍ ഇന്തോനേഷ്യയില്‍ എത്തുന്ന ഓരോ വിദേശിയും ശരാശരി 1600 ഡോളര്‍ ചെലവിടുന്നുവെന്നാണ് കണക്ക്.
Comments are closed.