ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി സ്ഥിരതയോടെ മെച്ചപ്പെടുന്നതും അമെരിക്കന്‍ ഡോളറിന്റെ മൂല്യത്തിലുണ്ടായ വന്‍ വർധനയും കണക്കിലെടുത്ത് രൂപയില്‍ വ്യാപാര ഇടപാടുകള്‍ നടത്താന്‍ കൂടുതല്‍ വിദേശ ബാങ്കുകള്‍ ഒരുങ്ങുന്നു. നാണയപ്പെരുപ്പം നേരിടാനുള്ള നടപടികളുടെ ഭാഗമായി അമെരിക്കയിലെ ഫെഡറല്‍ റിസര്‍വ് തുടര്‍ച്ചയായി പലിശ നിരക്ക് ഉയര്‍ത്തിയതോടെ ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരേ ഡോളര്‍ അസാധാരണമായി ശക്തി പ്രാപിച്ചിരുന്നു.
ഇതോടെ മൂന്നാം ലോക രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളുടെ വിദേശ നിക്ഷേപ ശേഖരത്തില്‍ ഗണ്യമായ കുറവുണ്ടായതിനാലാണ് പല ബാങ്കുകളും ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നത്. ശ്രീലങ്ക, റഷ്യ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലെ പല ബാങ്കുകളും നിലവില്‍ രൂപ ഉപയോഗിച്ച് വ്യാപാര ഇടപാടുകള്‍ നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ബംഗ്ലാദേശ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ ബാങ്കുകളും ഇന്ത്യയിലേക്കുള്ള കയറ്റുമതി, ഇറക്കുമതി ഇടപാടുകള്‍ രൂപയില്‍ സെറ്റില്‍മെന്റ് നടത്താനുള്ള നടപടികളിലേക്ക് കടക്കുകയാണ്.
അമെരിക്കന്‍ ഡോളറിലുള്ള അമിത ആശ്രയത്വം കുറയ്ക്കാനും വിദേശ വ്യാപാരം കൂടുതല്‍ ലാഭക്ഷമമാക്കാനും ലക്ഷ്യമിട്ട് ബംഗ്ലാദേശിലെ രണ്ട് പ്രമുഖ ബാങ്കുകള്‍ രൂപയിലുളള സെറ്റില്‍മെന്റ് നടപടികളിലേക്ക് കഴിഞ്ഞദിവസം കടന്നിരുന്നു. ബംഗ്ലാദേശ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സോനാലി ബാങ്കും സ്വകാര്യ മേഖലയിലുള്ള ഈസ്റ്റേണ്‍ ബാങ്കുമാണ് രൂപയിലധിഷ്ഠിതമായ വിദേശ വ്യാപാര ഇടപാടുകള്‍ക്ക് തയാറെടുക്കുന്നത്. ഇതിനായി ഇന്ത്യയിലെ മുന്‍നിര ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, ഐസിഐഐസിഐ ബാങ്ക് എന്നിവയില്‍ സോനാലി ബാങ്ക് രൂപയിലുള്ള അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്. ഇന്ത്യ- ബംഗ്ലാദേശ് രാജ്യാന്തര വ്യാപാരത്തില്‍ ഡോളറിനു പകരം രൂപ ഉപയോഗിക്കുന്നതോടെ ലാഭക്ഷമത മെച്ചപ്പെടുത്താനും ഇടപാടുകളുടെ സങ്കീര്‍ണത കുറയ്ക്കാനും കഴിയുമെന്ന് സോനാലി ബാങ്കിന്റെ മാനെജിങ് ഡയറക്റ്റര്‍ പറയുന്നു.
ബംഗ്ലാദേശ് നിലവില്‍ പ്രതിവര്‍ഷം 1400 കോടി ഡോളറിന്റെ ഉത്പന്നങ്ങളാണ് ഇന്ത്യയില്‍ നിന്ന് വാങ്ങുന്നത്. ഡോളറിന്റെ മൂല്യവർധന കാരണം ജൂലൈ ആദ്യ വാരത്തില്‍ ബംഗ്ലാദേശിന്റെ വിദേശ നാണയ ശേഖരം 3100 കോടി ഡോളറായി കുത്തനെ ഇടിഞ്ഞിരുന്നു. മലേഷ്യയുമായും രൂപയില്‍ വ്യാപാര സെറ്റില്‍മെന്റ് നടപടികള്‍ക്ക് ഇന്ത്യയിലെ ബാങ്കുകള്‍ തുടക്കമിട്ടുണ്ട്. ആഗോള നാണയമായി ഇന്ത്യന്‍ രൂപയെ മാറ്റാനുള്ള റിസര്‍വ് ബാങ്കിന്റെ ശ്രമങ്ങള്‍ സാവധാനത്തില്‍ വിജയിക്കുകയാണെന്ന് ധനകാര്യ മേഖലയിലുള്ളവര്‍ പറയുന്നു.
Comments are closed.