ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താനായി നിര്‍മിതിയുടെ ബുദ്ധിയുടെ സഹായത്തോടെ നിരവധി പുതിയ ഫീച്ചറുകളുമായി ഗൂഗിള്‍ മാപ്പ്സ്. മൊബിലിറ്റി ആവശ്യങ്ങക്കായി ഇടുങ്ങിയ റോഡുകള്‍, ഫ്ളൈഓവറുകള്‍, ഇ.വി ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങിയ വിശദാംശങ്ങള്‍ കൂടുതലായി ഗൂഗിള്‍ മാപ്പ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇടുങ്ങിയതോ തിരക്കേറിയതോ ആയ റോഡുകളെക്കുറിച്ച് ഡ്രൈവര്‍മാര്‍ക്കു മുന്‍കൂട്ടി വിവരം ലഭിക്കും. സാറ്റലൈറ്റ് ഇമേജറി, സ്ട്രീറ്റ് വ്യൂ, റോഡുകളുടെ തരങ്ങള്‍, കെട്ടിടങ്ങള്‍ തമ്മിലുള്ള ദൂരം, എന്നിവ ഉപയോഗിച്ചാണ് എ.ഐ വീതി കണക്കാക്കുന്നത്.ഗൂഗ്ള്‍ മാപ്സിലെ ഏറ്റവും പുതിയ സവിശേഷതകളില്‍ ഒന്നാണ് ഫ്ളൈഓവര്‍ അലര്‍ട്ട്.
ആദ്യഘട്ടത്തില്‍ ഇന്ത്യയിലെ 40 നഗരങ്ങളിലെ ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലും ആന്‍ഡ്രോയിഡ് ഓട്ടോയിലും ഫോര്‍ വീലര്‍, ടൂ വീലര്‍ നാവിഗേഷനായി ഗൂഗിളിന്റെ ഫ്ളൈഓവര്‍ അലര്‍ട്ട് ലഭ്യമാകും. ഇത് ഉടന്‍തന്നെ ഐ.ഒ.എസ് ഉപകരണങ്ങളിലും കാര്‍പ്ലേയിലും ലഭ്യമാകും.
ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, കോയമ്പത്തൂര്‍, ഇന്ദോര്‍, ഭോപ്പാല്‍, ഭുവനേശ്വര്‍, ഗുവാഹത്തി എന്നീ എട്ട് നഗരങ്ങളിലാണ് നാരോ റോഡ് അലര്‍ട്ട് ഫീച്ചര്‍ ആദ്യം നിലവില്‍ വരുന്നത്. ഈ ഫീച്ചറും തുടക്കത്തില്‍ ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ മാത്രമേ ലഭ്യമാകൂ. കൂടാതെ, ഓപ്പണ്‍ ഇ-കൊമേഴ്സ് വികസിപ്പിക്കുന്നതിനായുള്ള സൗകര്യം (ഒ.എന്‍.ഡി.സി), നമ്മയാത്രി എന്നിവയുമായുള്ള പങ്കാളിത്തത്തിലൂടെ ഉപയോക്താക്കള്‍ക്ക് വിവിധ ബുക്കിങ്ങുകള്‍ നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഗൂഗിള്‍ മാപ്സിലും ഗൂഗിള്‍ സെര്‍ച്ചിലും ഇ.വി ചാര്‍ജിങ് സ്റ്റേഷനുകള്‍ അവതരിപ്പിച്ചിരിക്കുകയാണ്. 8,000ത്തിലധികം ചാര്‍ജിങ് സ്റ്റേഷനുകള്‍ ആപ്പില്‍ ചേര്‍ത്തിട്ടുണ്ട്. ചാര്‍ജിംഗ് പോയിന്റുകളുടെ ലഭ്യതക്ക് പുറമെ ഏത് തരം പ്ലഗുകളാണ് സ്റ്റേഷനില്‍ ലഭ്യമാക്കിയിരിക്കുന്നതെന്ന വിശദ വിവരങ്ങളും ലഭ്യമാകും.
Comments are closed.