രാജ്യത്ത് അടുത്തിടെ പ്രധാന മൊബൈൽ ഫോൺ സേവനദാതാക്കളായ റിലയൻസ് ജിയോയും എയർടെല്ലും വോഡഫോൺ- ഐഡിയയും (വിഐ) താരിഫ് നിരക്കുകൾ കുത്തനെ ഉയർത്തിയിരുന്നു. ഇരുട്ടടി കിട്ടിയ ആഘാതമാണ് ഇത് സാധാരണക്കാരായ യൂസർമാരിലുമുണ്ടാക്കിയത്. ടെലികോം കമ്പനികളുടെ താരിഫ് വർധനവിനെതിരെ ഒരുവിഭാഗം യൂസർമാർ വിമർശനം ഉന്നയിക്കുമ്പോൾ നിരക്കുകൾ കുറയ്ക്കാൻ ഇടപെടുമോ കേന്ദ്ര സർക്കാർ? മൊബൈൽ താരിഫ് നിരക്ക് വർധനവിൽ അടിയന്തരമായി ഇടപെടേണ്ട എന്ന നിലപാടാണ് കേന്ദ്ര സർക്കാരും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയും (ട്രായ്) സ്വീകരിച്ചിരിക്കുന്നത് എന്നാണ് ഇക്കണോമിക് ടൈംസിൻ്റെ റിപ്പോർട്ട്. ‘ഇന്ത്യയിലെ ടെലികോം താരിഫുകൾ ആഗോളതലത്തിൽ ഏറ്റവും കുറഞ്ഞ നിരക്കുകളിലൊന്നായി തുടരുന്നു. സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് കമ്പനികളെ പ്രോത്സാഹിപ്പിക്കാനേ സർക്കാരിന് കഴിയൂ.
ടെലികോം രംഗത്ത് മതിയായ മത്സരം ഇപ്പോൾ തന്നെയുണ്ട്. എന്നാൽ ഇടപെടേണ്ട അടിയന്തര സാഹചര്യമില്ല. കമ്പനികൾ താരിഫ് നിരക്കുകൾ വർധിപ്പിച്ചതിൽ ഉപഭോക്താക്കൾക്ക് കുറച്ച് പ്രയാസമുണ്ടാകാം. എന്നാൽ മൂന്ന് വർഷത്തിന് ശേഷമാണ് നിരക്കുകൾ ഉയർന്നിരിക്കുന്നത്’- എന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു.
ജൂലൈ മൂന്നിനാണ് ടെലികോം കമ്പനികളുടെ താരിഫ് നിരക്ക് വർധന നിലവിൽ വന്നത്. പ്രീ- പെയ്ഡ്, പോസ്റ്റ്-പെയ്ഡ് നിരക്കുകളിൽ 11 ശതമാനം മുതൽ 21 ശതമാനം വരെയാണ് നിരക്ക് വർധന. ലോക്സസഭ തെരഞ്ഞെടുപ്പിന് പിന്നാലെ ടെലികോം താരിഫ് നിരക്കുകൾ ഉയരുക ഉറപ്പായിരുന്നെങ്കിലും ജിയോയാണ് വില വർധനയ്ക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ എയർടെല്ലും വിഐയും സമാന പാത സ്വീകരിച്ചു. രാജ്യത്തെ ടെലികോം രംഗത്ത് ആരോഗ്യകരമായ ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിനും സ്പെക്ട്രം അടക്കമുള്ള സാങ്കേതികസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള നിക്ഷേപത്തിനും മാന്യമായ വരുമാനം സാധ്യമാക്കുന്നതിനും വേണ്ടിയാണ് താരിഫുകൾ ഉയർത്തിയത് എന്നാണ് ടെലികോം കമ്പനികളുടെ വാദം
Comments are closed.