രാജ്യത്തെ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്. ഇന്ത്യൻ സൈബർ സെക്യൂരിറ്റി ഏജൻസി സെർട്ട്-ഇൻ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, ആൻഡ്രോയ്ഡ് ഫോണുകളിൽ വലിയ രീതിയിലുള്ള സുരക്ഷാ ഭീഷണിയാണ് ഉയർന്നിരിക്കുന്നത്. ആൻഡ്രോയ്ഡ് 11, 12, 12.5, 13 എന്നീ പുതിയ വേർഷനുകളിലടക്കം സുരക്ഷാ ഭീഷണി നിലനിൽക്കുന്നുണ്ട്. ഉപഭോക്താക്കളുടെ അനുവാദമില്ലാതെ സ്മാർട്ട്ഫോണിന്റെ ആക്സസ് സ്വന്തമാക്കുകയും, വ്യക്തിഗത വിവരങ്ങൾ വളരെ പെട്ടെന്ന് തന്നെ ചോർത്തിയെടുക്കാനും കഴിയുന്നതാണ്.
ഫ്രെയിംവർക്ക്, സിസ്റ്റം, ഗൂഗിൾ പ്ലേ സിസ്റ്റം അപ്ഡേറ്റുകൾ, മീഡിയ ടെക് ഘടകങ്ങൾ, യൂണിസോക് ഘടകങ്ങൾ, ക്വാൽകം ഘടകങ്ങൾ, ക്വാൽകം ക്ലോസ്ഡ് ഘടകങ്ങൾ എന്നിവ ഉൾപ്പെടെ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വിവിധ ഭാഗങ്ങളിലാണ് സുരക്ഷാ ഭീഷണി നിലനിൽക്കുന്നത്. ഈ സുരക്ഷാ ഭീഷണികളെ CVE-2023-4863, CVE-2023-4211 എന്നിങ്ങനെ രണ്ടായി തരം തിരിച്ചിട്ടുണ്ട്. ഇവ രണ്ടും ഒരുപോലെ അപകടകാരികളാണ്. ആൻഡ്രോയ്ഡ് ഹാൻഡ്സെറ്റുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി, ലഭ്യമായ അപ്ഡേറ്റുകൾ മുൻകൂട്ടി പരിശോധിച്ച് അവ ഉടനടി ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്. അപ്ഡേഷൻ വൈകുന്നത് ഫോണിന്റെ സുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്താൻ സാധ്യതയുണ്ട്.
Comments are closed.