രാജ്യത്ത് ചെറുകിട സമ്പാദ്യ പദ്ധതിയുടെ പലിശ നിരക്കുകൾ വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ. ഒക്ടോബർ-ഡിസംബർ മാസങ്ങളിലേക്കുള്ള പലിശ നിരക്കുകളാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 20 ബേസിസ് പോയിന്റിന്റെ വർദ്ധനവാണ് വരുത്തിയിട്ടുള്ളത്. ഇതോടെ, അഞ്ച് വർഷത്തെ റിക്കറിംഗ് ഡെപ്പോസിറ്റിന് 6.7 ശതമാനം പലിശ ലഭിക്കും. നേരത്തെ 6.5 ശതമാനം പലിശയാണ് നൽകിയിരുന്നത്. മറ്റ് സമ്പാദ്യ പദ്ധതികൾക്ക് ജൂൺ-സെപ്റ്റംബർ കാലയളവിൽ നൽകിയ പലിശ തുടരുന്നതാണ്.
വിപണിയിലുള്ള സർക്കാരിന്റെ കടപ്പത്രങ്ങളുടെ നിരക്കിന് അനുസൃതമായാണ് ചെറുകിട സമ്പാദ്യ പലിശ നിരക്കുകൾ തീരുമാനിക്കുന്നത്. അതിനാൽ, ബോണ്ട് യീൽഡ് ഉയരുമ്പോൾ ചെറുകിട സമ്പാദ്യത്തിന്റെ പലിശ നിരക്കും ആനുപാതികമായി ഉയരും. ഒക്ടോബർ-ഡിസംബർ മാസങ്ങളിലെ ചെറുകിട സമ്പാദ്യ പലിശ നിരക്കുകളുടെ റഫറൻസ് കാലയളവായ ജൂൺ-ഓഗസ്റ്റ് മാസങ്ങളിൽ ഗവൺമെന്റ് ബോണ്ട് യീൽഡ് ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് ഇത്തവണ പലിശ നിരക്കുകൾ പുതുക്കി നിശ്ചയിച്ചത്. 2022 ഒക്ടോബർ-ഡിസംബർ മുതലാണ് ധനമന്ത്രാലയം ചെറുകിട സമ്പാദ്യങ്ങളുടെ പലിശ നിരക്ക് ഉയർത്താൻ ആരംഭിച്ചത്.
Comments are closed.