ഡിലോയിറ്റ്, ഹസ്കിൻസ് ആൻഡ് സെൽസ് എൽഎൽപി എന്നീ സ്ഥാപനങ്ങൾ അദാനി പോർട്ട് സ്പെഷ്യൽ എക്കണോമിക് സോൺ സ്റ്റ്യാറ്റ്യൂട്ടറി ഓഡിറ്റേഴ്സ് സ്ഥാനത്ത് നിന്ന് പിന്മാറിയേക്കും. കഴിഞ്ഞ രണ്ട് പാദങ്ങളിൽ അദാനി ഗ്രൂപ്പിൽ നടന്ന പണമിടുപാടുകളിൽ ആശങ്ക ഉയർന്നതിന് പിന്നാലെയാണ് പിന്മാറ്റം. അടുത്ത ആഴ്ച ആദ്യത്തോടെ പിന്മാറ്റം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിലെ ആരോപണങ്ങളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സെബിക്ക് സുപ്രീംകോടതി അനുവദിച്ച സമയം ആഗസ്റ്റ് 14ന് അവസാനിച്ചു. അമേരിക്കൻ കമ്പനിയായ ഹിൻഡൻബർഗ് ജനുവരി 24 നാണ് അദാനി ഗ്രൂപ്പിനെതിരെ ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ചത്. അദാനി ഗ്രൂപ്പിൻ്റെ ഓഹരി വില കൃത്രിമമായി ഉയർത്തി കാട്ടിയെന്നാണ് ഹിൻഡൻബർഗ് റിപ്പോർട്ടിലെ ആരോപണം.
ഇക്കാലങ്ങളിൽ നടന്നത് വ്യക്തിഗത പണമിടുപാടുകളെന്നായിരുന്നു അദാനി ഗ്രൂപ്പിൻ്റെ വാദം. എന്നാൽ ഈ വർഷം മാർച്ച് 31 നും ജൂൺ 30 നും അവസാനിച്ച സാമ്പത്തിക പാദങ്ങളിൽ നടന്നത് വ്യക്തിഗത പണമിടപാടല്ലെന്ന് ഡിലോയിറ്റ് ആരോപിക്കുന്നു. അദാനി ഗ്രൂപ്പിൻ്റെ വാദങ്ങൾ ശരിയാണോ എന്നറിയാൻ മറ്റ് പരിശോധനകൾ നടന്നിട്ടില്ലെന്നാണ് ഡിലോയിറ്റിന്റെ വാദം. ഡിലോയിറ്റ് പിന്മാറിയാൽ ബിഡിഎ ഇന്ത്യയോ എംഎസ്കെഎ അസോസിയേറ്റ്സോ പകരം ഓഡിറ്റിങ്ങിലേക്ക് എത്തിയേക്കുമെന്നും സൂചനകളുണ്ട്. എന്നാൽ ഇക്കാര്യങ്ങളിൽ ഡിലോയിറ്റോ അദാനി ഗ്രൂപ്പോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Comments are closed.