ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ ചെറിയ പതിപ്പ് അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. അടുത്തിടെ നടന്ന ഒരു നിക്ഷേപക സമ്മേളനത്തിൽ ജെഎൽആർ സിഇഒ അഡ്രിയാൻ മാർഡൽ ആണ് ഈ വാർത്ത പുറത്തുവിട്ടത്. ഏറ്റവും പുതിയ ‘ബേബി ഡിഫെൻഡർ’ ബ്രാൻഡിന്റെ നാലാമത്തെ എസ്യുവിയായിരിക്കും. വാഹനം 2027ലായിരിക്കും പുറത്തിറങ്ങുക.
പുതിയ ഇഎംഎ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചെറിയ ഡിഫൻഡർ. റേഞ്ച് റോവർ ഇവോക്ക്, വെലാർ, ഡിസ്കവറി സ്പോർട്ട് എസ്യുവികൾ എന്നിവയായിരിക്കും ഇതേ പ്ലാറ്റ്ഫോമില്‍ പുറത്തിറങ്ങുന്ന മറ്റു വാഹനങ്ങള്‍. ഡിഫന്‍ഡര്‍ സ്പോര്‍ട് എന്നായിരിക്കും ഈ മോഡലിന്റെ പേരെന്നും റിപ്പോർട്ടുകളുണ്ട്.
നിലവിലെ ഡിഫൻഡറിനേക്കാൾ ചെറുതായിരിക്കും ‘ബേബി ഡിഫൻഡർ’. ഇതിന് ഏകദേശം 15 അടി നീളവും 6.5 അടി വീതിയുമായിരിക്കും ഉണ്ടാവുക. ഓഫ് റോഡിന് ഊന്നൽ നൽകിയാണ് പുതിയ ഡിഫൻഡർ സ്പോർട് എത്തുന്നത്.
ഈ വാഹനത്തെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും നൽകിയിട്ടില്ലെങ്കിലും ഇലക്ട്രിക്-ഒൺലി ഇഎംഎ പ്ലാറ്റ്ഫോമിലായിരിക്കും ഈ വാഹനം നിർമ്മിക്കുക എന്ന സൂചനകളുണ്ട്. വൈദ്യുത വാഹനങ്ങളും ഹൈബ്രിഡ്, ഐസിഇ വാഹനങ്ങളും ഒരുക്കാൻ കഴിയുന്ന പ്ലാറ്റ്ഫോമാണിത്.
800V ചാർജിംഗ് ആർക്കിടെക്ചർ ഉൾപ്പെടെയുള്ള ഇലക്ട്രിക് ടെക്നോളജി എസ്യുവിക്ക് ഉണ്ടായിരിക്കും. അതിവേഗ ചാർജിംഗ് സൗകര്യവും ഉയർന്ന എനർജി ഡെൻസിറ്റി ബാറ്ററികളും ഈ മോഡലിലുണ്ടാകും. ഇത് ലോംഗ് ഡ്രൈവിംഗ് റേഞ്ചും താരതമ്യേന ശക്തമായ പ്രകടനവും നൽകും. സ്ലിം ബാറ്ററികൾ ക്യാബിനിൽ കൂടുതൽ ഇടം നൽകും.
Comments are closed.