2022–23 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേണുകൾ (ഐടിആർ) ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്. പല നികുതിദായകരും സമയപരിധി പാലിക്കാനായുള്ള നെട്ടോട്ടത്തിലാണ്. എന്നാൽ, ഇതിനകം ഐടിആർ ഫയൽ ചെയ്ത അർഹരായവർക്ക് റീഫണ്ട് അയയ്ക്കുന്നതിനുള്ള നടപടികൾ ആദായനികുതി വകുപ്പ് ആരംഭിച്ചിട്ടുണ്ട്. നികുതിദായകൻ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശരിയായ വിലാസവും ഉൾപ്പെടെ ആവശ്യമായ എല്ലാ വിവരങ്ങളും നൽകിയിട്ടുണ്ടെങ്കിൽ, റീഫണ്ട് പ്രക്രിയ വേഗത്തിൽ നടക്കും. ഇലക്ട്രോണിക് ടാക്സ് ഫയലിംഗിനായി വെബ്സൈറ്റിൽ പ്രവേശിച്ച് “റീഫണ്ട് സ്റ്റാറ്റസ്” ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിലൂടെ, നികുതിദായകർക്ക് അവരുടെ റീഫണ്ടിന്റെ പുരോഗതി പരിശോധിക്കാൻ കഴിയും.
ഐടിആർ റീഫണ്ട് പരിശോധിക്കുന്നതിനുള്ള സ്റ്റെപ്പുകൾ
ആദായ നികുതി ഇ-ഫയലിംഗ് പോർട്ടല്‍ സന്ദര്‍ശിക്കുക.
യൂസർ ഐഡി, പാസ്വേഡ്, ജനന തീയതി എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
“മൈ അക്കൗണ്ട്” വിഭാഗത്തില്‍ ക്ലിക്ക് ചെയ്യുക.
“റീഫണ്ട്/ഡിമാൻഡ് സ്റ്റാറ്റസ്” ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
മൂല്യനിർണ്ണയ വർഷം, നില, റീഫണ്ട് നടക്കാത്തതിന്റെ കാരണം (എന്തെങ്കിലും ഉണ്ടെങ്കിൽ), പേയ്മെന്റ് രീതി എന്നിവ പോലുള്ള വിശദാംശങ്ങൾ പരിശോധിക്കാൻ സാധിക്കും.
സമയപരിധിക്കുള്ളിൽ ഐടിആർ ഫയൽ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ
നികുതിദായകർ അവരുടെ ഐടിആർ ജൂലൈ 31 ഞായറാഴ്ചയോ അതിന് മുമ്പോ സമർപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഫയൽ ചെയ്യുന്ന തീയതി നീട്ടുകയില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സമയപരിധി കഴിഞ്ഞതിന് ശേഷം റിട്ടേൺ സമർപ്പിക്കുന്നതിന് നികുതിദായകൻ ‘ലേറ്റ് ഫയലിംഗ് ഫീസ്’ നൽകണം. 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 234F പ്രകാരം 5000 രൂപയാണ് ലെവി ചുമത്തുന്നത്. എന്നാൽ അഞ്ച് ലക്ഷം രൂപ വരെ മൊത്തം വരുമാനമുള്ള ചെറുകിട നികുതിദായകർക്ക് വൈകി ഫയൽ ചെയ്യുന്നതിനുള്ള ചെലവ് 1000 രൂപയിൽ കൂടുതലാകില്ല. വൈകിയ ഐടിആർ ഫയൽ ചെയ്യുന്നതിനുമുമ്പ്, ഈ ഫീസ് നൽകണം.
നികുതിദായകർ ഐടിആർ സമർപ്പിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും
നികുതിദായകർക്ക് ഐടിആർ സമർപ്പിച്ചില്ലെങ്കിൽ ഈ മൂല്യനിർണയ വർഷത്തെ നഷ്ടം പരിഹരിക്കാന്‍ കഴിയില്ല. കൂടാതെ, കണക്കാക്കിയ നികുതിയുടെ കുറഞ്ഞത് 50 ശതമാനം അല്ലെങ്കിൽ മൂല്യനിർണ്ണയ നികുതിയുടെ 200 ശതമാനം വരെ പിഴ ചുമത്താം.
Comments are closed.