ഭവന വായ്പ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇത്തവണ പ്രോസസിംഗ് ഫീസ് ഇനത്തിൽ പുതിയ മാറ്റങ്ങളാണ് എസ്ബിഐ പ്രഖ്യാപിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, എല്ലാത്തരം ഭവന വായ്പകളുടെയും പ്രോസസിംഗ് ഫീസ് 50 ശതമാനം മുതൽ 100 ശതമാനം വരെ ഒഴിവാക്കാനാണ് എസ്ബിഐയുടെ തീരുമാനം. അതേസമയം, ഓഗസ്റ്റ് 31 വരെ മാത്രമാണ് ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.
റെഗുലർ ഭവന വായ്പകൾ, എൻആർഐ വായ്പകൾ, പ്രിവിലേജ് വായ്പകൾ തുടങ്ങി എല്ലാത്തരം ഭവന വായ്പകൾ എടുക്കാൻ പോകുന്നവർക്കും ഇവയുടെ പ്രയോജനം ലഭിക്കുന്നതാണ്. ഇതോടെ, ഭവന വായ്പകൾക്കും, ടോപ്പ് അപ്പ് ലോണുകൾക്കും ഏറ്റവും കുറഞ്ഞത് 2,000 രൂപയും പരമാവധി 5,000 രൂപയും പ്രോസസിംഗ് ഫീസ് ഇനത്തിൽ നിന്നും ഒഴിവാക്കുന്നതാണ്. കൂടാതെ, ഇവയ്ക്കുള്ള ജിഎസ്ടിയും ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, പെട്ടെന്ന് ലഭിക്കുന്ന ഇൻസ്റ്റന്റ് ഹോം ടോപ്പ് അപ്പുകൾക്കും, വീട് പണയത്തിന് നൽകലിനും ഈ ആനുകൂല്യം ലഭിക്കുന്നതല്ല.
ഭവന വായ്പ എടുക്കുമ്പോൾ ലോൺ അപേക്ഷ പ്രോസസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഡോക്യുമെന്റേഷൻ, മൂല്യനിർണയം, ചില ഫീസുകൾ തുടങ്ങിയ ചെലവുകൾക്കായുള്ള തുക വായ്പ എടുക്കുന്ന വ്യക്തി നൽകേണ്ടിവരും. ഇവയാണ് പ്രോസസിംഗ് ഫീസ്. വായ്പയുടെ സ്വഭാവം, ബാങ്ക് എന്നിവയെ ആശ്രയിച്ച് പ്രോസസിംഗ് ഫീസിന്റെ തുകയും വ്യത്യാസപ്പെടുന്നതാണ്.
Comments are closed.