ഭക്ഷ്യ ഉത്പന്നങ്ങളുടെ വില അപകടകരമായി കുതിച്ചുയരുന്നതിനാല്‍ രാജ്യത്തെ മുഖ്യ പലിശ നിരക്ക് നടപ്പുവര്‍ഷം കുറയാന്‍ സാധ്യത മങ്ങുന്നു. ആഗോള മേഖലയിലെ കടുത്ത അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യന്‍ സാമ്പത്തിക രംഗം മികച്ച വളര്‍ച്ച നേടുന്നതിനാല്‍ നാണയപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികള്‍ തുടരണമെന്ന നിലപാടാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രകടിപ്പിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ കാരണം രാജ്യത്തെ വിവിധ കാര്‍ഷിക മേഖലകളില്‍ ഉത്പാദന ഇടിവുണ്ടായതും ഉപയോഗത്തിലുണ്ടായ വർധനയും കാരണം പച്ചക്കറികള്‍, പഴം, മത്സ്യം, മാംസം എന്നിവയുടെ വില അസാധാരണമായി ഉയരുന്നതാണ് കേന്ദ്ര ബാങ്കിന് തലവേദന സൃഷ്ടിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പലിശ കുറച്ചാല്‍ രാജ്യം അതിരൂക്ഷമായ വിലക്കയറ്റത്തിലേക്ക് നീങ്ങുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
കഴിഞ്ഞവര്‍ഷം ഫെബ്രുവരി മുതല്‍ അവശ്യ സാധനങ്ങൾ ഉള്‍പ്പെടെയുള്ളവയുടെ വില മാനം മുട്ടെ ഉയര്‍ന്നതിനെ തുടര്‍ന്ന് നാണയപ്പെരുപ്പം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട് റിസര്‍വ് ബാങ്ക് തുടര്‍ച്ചയായി പലിശ നിരക്ക് വർധിപ്പിക്കുകയായിരുന്നു. വിപണിയിലെ പണലഭ്യത കുറച്ച് ഉപയോഗത്തിന് നിയന്ത്രണം വരുത്താനാണ് റിസര്‍വ് ബാങ്ക് ലക്ഷ്യമിട്ടിരുന്നത്. കഴിഞ്ഞവര്‍ഷം മേയ് മാസത്തിനു ശേഷം ആറു തവണയായി മുഖ്യ നിരക്കായ റിപ്പോ 2.5 ശതമാനമാണ് റിസര്‍വ് ബാങ്ക് ഉയര്‍ത്തിയത്. ഇതോടെ രാജ്യത്തെ ഭവന, വാഹന, വ്യക്തിഗത, കോര്‍പ്പറേറ്റ് വായ്പകളുടെ പലിശ നിരക്ക് ബാങ്കുകള്‍ മൂന്ന് മുതല്‍ നാല് ശതമാനം വരെ വർധിപ്പിച്ചിരുന്നു.
ഇത്രയേറെ പലിശ വർധനയുണ്ടായിട്ടും വിലക്കയറ്റ ഭീഷണി കാര്യമായി കുറയാത്തതിനാല്‍ അടുത്തമാസം നടക്കുന്ന വായ്പാ പണ അവലോകന യോഗത്തിലും പലിശ നിരക്കില്‍ മാറ്റമുണ്ടാവാന്‍ ഇടയില്ലെന്ന് ബാങ്കിങ് രംഗത്തെ വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വായ്പകളുടെ പലിശ നിരക്ക് കുത്തനെ കൂടിയതിനാല്‍ രാജ്യത്തെ ബാങ്കിങ് മേഖല കടുത്ത വെല്ലുവിളികള്‍ നേരിടുകയാണ്. സാമ്പത്തിക മേഖല മാന്ദ്യ സമാനമായ സാഹചര്യത്തിലേക്ക് നീങ്ങിയതിനൊപ്പം വായ്പാ ആവശ്യങ്ങള്‍ കുറഞ്ഞതും നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നല്‍കേണ്ടി വരുന്നതും ബാങ്കുകളുടെ ലാഭക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ബാങ്കിങ് മേഖലയിലുള്ളവര്‍ പറയുന്നു.
നിലവില്‍ പല ബാങ്കുകളും ദീര്ഘകാലയളവുകളിലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഏഴ് മുതല്‍ 8.1 ശതമാനം വരെ പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. ഈ വര്‍ഷം ജൂണിന് ശേഷം റിപ്പോ നിക്ഷേപങ്ങളുടെ കാലാവധി വലിയ തോതില്‍ കഴിയുന്നതിനാലും നികുതിയിനത്തില്‍ വലിയ തുക സര്‍ക്കാരിന്റെ അക്കൗണ്ടിലേക്ക് ഒഴുകാന്‍ ഇടയുള്ളതിനാലും വിപണിയിലെ പണ ലഭ്യത കുത്തനെ കുറയാന്‍ ഇടയുണ്ടെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ വീണ്ടും റിപ്പോ നിരക്ക് ഉയര്‍ത്തിയാല്‍ രാജ്യത്തെ വ്യാവസായിക, സേവന മേഖലകള്‍ കടുത്ത മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമാണ്.
വിലക്കയറ്റം പൂര്‍ണമായും നിയന്ത്രണ വിധേയമാകാത്തതിനാല് ഡിസംബറിന് മുന്‍പ് പലിശ നിരക്കില്‍ റിസര്‍വ് ബാങ്ക് ഇളവ് വരുത്താനിടയില്ലെന്ന് ധനകാര്യ വിദഗ്ധര്‍ പറയുന്നു.
Comments are closed.